പ്രസാധന നയം
1ഭാഷയും വായനയും നേരിടുന്ന പ്രശ്നങ്ങൾ

മലയാള ഭാഷയിലിറങ്ങുന്ന പുസ്തകങ്ങളുടെ വായനയിൽ ഇന്നു ഗണ്യമായ കുറവു വന്നിട്ടുണ്ടു് എന്നതു നിഷേധിക്കാനാവാത്ത വസ്തുതയാണു്. കാരണങ്ങൾ പലതാണു്, അവയിൽ ചിലതു് താഴെക്കൊടുക്കുന്നു:

  1. ഇന്നത്തെ ജീവിതശൈലിക്കു് അനുയോജ്യമായ രീതിയിൽ പുസ്തകനിർമ്മാണ-പ്രസിദ്ധീകരണ പദ്ധതി മാറിയില്ല.

  2. പഴകിദ്രവിച്ച വാണിജ്യ-സാമ്പത്തിക ബന്ധങ്ങളിൽ അടിസ്ഥാനപ്പെടുത്തിയുള്ള പ്രസാധനരീതിയിൽ നിന്നു് മാറുവാൻ എഴുത്തുകാരും പ്രസാധകരും തയ്യാറാവുന്നില്ല.

  3. പ്രസിദ്ധീകരണത്തിനു നിയമാനുസൃതമായി വേണ്ട കരാറുകളെന്ന വ്യാജേന പകർപ്പവകാശക്കുടുക്കുകളിൽ പെടുത്തി സാമ്പത്തികലക്ഷ്യം മാത്രമുള്ള പ്രസാധകർ എഴുത്തുകാരെ ബുദ്ധിമുട്ടിലാക്കിയതിനാൽ കാലോചിതമായ വ്യതിയാനങ്ങൾ പ്രസാധക-എഴുത്തുകാർ കൂട്ടുകെട്ടിൽ ഉണ്ടായില്ല. അതുമൂലം ഇന്നും പ്രസാധനലോകത്തെ ചൂഷണത്തിന്റെ ഒരു പര്യായമായിട്ടാണു് പല എഴുത്തുകാരും കാണുന്നതു്.

  4. ഡിജിറ്റൽ സാങ്കേതികതയുടെ വളർച്ച വിദേശരാജ്യങ്ങളിൽ എഴുത്തുകാരുടെ മോചനത്തിനു ഒരു പരിധി വരെ സഹായിച്ചിട്ടുണ്ടു്. പല എഴുത്തുകാരും പ്രസാധകരെ ഉപേക്ഷിച്ചു സ്വയം പ്രസാധനത്തിന്റെ വഴി തേടി. പ്രസാധകരുടെ ജോലി ഇന്റർനെറ്റ് ഏറ്റെടുത്തു. ഇതു നമ്മുടെ ഭാഷയിൽ വിരളമായി മാത്രമേ സംഭവിച്ചുള്ളു.

  5. അച്ചടിപ്പതിപ്പിലൂന്നിയ പ്രസാധനം തുടരുവാനുള്ള പ്രധാന കാരണം എഴുത്തുകാർ ഒരിക്കലും പ്രസാധകരിൽ നിന്നും വിട്ടുപോകാതിരിക്കാനാണു്. അതു വളരെക്കാലം തുടരാനാവില്ല എന്നറിയാമെങ്കിലും കഴിയുന്നിടത്തോളം ആവാം എന്നതാണു് നമ്മുടെ പ്രസാധകരുടെ നിലപാടു്. അതുമൂലം നിലവാരം പുലർത്തുന്ന ഡിജിറ്റൽ പതിപ്പുകൾ ഭാഷാപുസ്തകങ്ങൾക്കു ഉണ്ടാവുന്നില്ല.

    ⦿ സായാഹ്ന എന്താണു്? ⦿ സായാഹ്നയിൽ ആരാണു്? ⦿ സായാഹ്ന ഫോൺ പിഡിഎഫുകൾ ⦿ സായാഹ്ന ഗ്രന്ഥശേഖരം ⦿ സായാഹ്ന വിക്കി ⦿ ഡിജിറ്റൽ ലൈബ്രറിയിൽ രജിസ്റ്റർ ചെയ്യുക ⦿ എഴുത്തുകാരോടു് സച്ചിദാനന്ദൻ ⦿

  6. മേന്മയുള്ള ഡിജിറ്റൽ പതിപ്പുകളുടെ അഭാവം ഡിജിറ്റൽ ഉപകരണങ്ങളുടെ പിടിയിലമർന്ന പുതിയ തലമുറയെ മലയാളവായനയിൽ നിന്നും അകറ്റി. പകരം അവരുടെ വായനോപകരണങ്ങൾക്കു പറ്റിയ പുസ്തകരൂപങ്ങൾ ആവശ്യത്തിലധികം ലഭ്യമായ ഇംഗ്ലീഷ് ഭാഷയിലേയ്ക്കു അവർ ചേക്കേറി. ഈ തലമുറയിൽപെട്ടവർ മിക്കവാറും ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടിയവരായിരുന്നു.

  7. കഴിഞ്ഞ രണ്ടുദശകങ്ങളിൽ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു സംഭവിച്ച അപഭ്രംശം മലയാളിയുടെ വായനയെ പിറകോട്ടടിച്ചിട്ടുണ്ടു്. ഗ്രാമീണ വായനശാലകളുടെ എണ്ണം ഇരട്ടിയായെങ്കിലും (8,300) ‘വായനക്കാരില്ലാത്ത വായനശാലകളാ’യതു മാറിയിരിക്കുന്നു. അച്ചടിച്ച പുസ്തകങ്ങളെപ്പോലെ ഡിജിറ്റൽ പുസ്തകങ്ങൾ വായനശാലകളിലെത്തിപ്പെട്ടാൽ മലയാളിയുടെ നഷ്ടപ്പെട്ട വായനയുടെയും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെയും പുനരുജ്ജീവനത്തിനത് വഴിതുറക്കും.

  8. ഈ അവസ്ഥ എഴുത്തുകാരുടെ റോയൽറ്റി വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കി. കാരണങ്ങൾ പെരുപ്പിച്ചു കാണിക്കുകയും സത്യവിരുദ്ധമായ ചിത്രം അവതരിപ്പിക്കുകയും ചെയ്തുകൊണ്ടു പ്രസാധകർ എഴുത്തുകാരുടെ റോയൽറ്റി വീണ്ടും വെട്ടിക്കുറക്കുവാൻ ഈ അവസരം ഉപയോഗിക്കുകയും ചെയ്തു.

  9. അന്തരിച്ചു പോയ, അവകാശികളില്ലാത്ത, എഴുത്തുകാരുടെ (വിക്ടർ ലീനസ്, എ. അയ്യപ്പൻ, ജോൺ ഏബ്രഹാം, പി കുഞ്ഞിരാമൻ നായർ (?), ജയനാരായണൻ തുടങ്ങിയവർ) പുസ്തകങ്ങൾ എന്നേയ്ക്കുമായി നഷ്ടപ്പെട്ട സ്ഥിതിയിലാണു്. അതിന്റെ പുനഃപ്രസിദ്ധീകരണം സാദ്ധ്യമാണോ?

  10. അന്തർദ്ധാനം ചെയ്ത/നിലച്ചുപോയ പ്രസാധകരുടെ പുസ്തകങ്ങൾ, പ്രത്യേകിച്ചു് അന്തരിച്ചുപോയ എഴുത്തുകാരുടെ പുസ്തകങ്ങൾ പലതും ഇന്നു് കിട്ടാനാവാത്ത അവസ്ഥയുണ്ടു്. ഉദാഹരണം, മംഗളോദയം പ്രസിദ്ധീകരിച്ച യുക്തിഭാഷ എന്ന അമൂല്യഗ്രന്ഥത്തിന്റെ ഒരു പ്രതിക്കായി വളരെയധികം പാടുപെടേണ്ടി വന്നു.

  11. വിപണിമൂല്യം കുറഞ്ഞ എന്നാൽ പാഠപുസ്തകങ്ങളിൽ സ്ഥാനം പിടിച്ച പല കൃതികളും കിട്ടാനില്ലാത്ത അവസ്ഥയുണ്ടു്. സ്വന്തം രചനകൾ വായനക്കാരിൽ നിന്നും അകന്നു നിൽക്കുന്ന ഒരു അപൂർവ്വ പ്രതിഭാസത്തിനു് വിധേയരായി എഴുത്തുകാർ നിസ്സഹായരാവുന്ന ദുഃസ്ഥിതിയുമുണ്ടു്.

  12. എഴുത്തുകാരും വായനക്കാരുമടങ്ങുന്ന ഈ സമൂഹം നൂറു ശതമാനം സാക്ഷരരും ഉദ്ബുദ്ധരുമാണു്. പക്ഷേ, ഇവർ പ്രസാധകരുടെ നിരന്തരചൂഷണത്തിനു യാതൊരു പ്രതിരോധവുമില്ലാതെ വിധേയരാവുകയാണു്.

  13. പ്രസാധകരെ സംബന്ധിച്ചിടത്തോളം എഴുത്തുകാർ വില കുറഞ്ഞതായി മാറിയതോടൊപ്പം തീരെ വിലയില്ലാത്തതായി അക്ഷരങ്ങൾ മാറി. ലെറ്റർപ്രസ്സിന്റെ കാലത്ത് ഈയത്തിന്റെ തൂക്കത്തിനനുസരിച്ചെങ്കിലും അക്ഷരങ്ങൾക്കു് വിലയുണ്ടായിരുന്നു!

  14. മറ്റൊരു വ്യവസായത്തിലും കാണാനാവാത്ത ഒരു അപൂർവ്വ പ്രതിഭാസം—എഴുത്തുകാരനു പത്തു ശതമാനം, വിതരണക്കാരനു അമ്പതു ശതമാനം!

മലയാളപ്രസാധനരംഗം ഇന്നു നേരിടുന്ന ചില പ്രശ്നങ്ങളാണിവ. മുമ്പൊരു കാലത്തു് ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടായപ്പോഴാണു് എഴുത്തുകാരുടെ രക്ഷയ്ക്കായി സാഹിത്യപ്രവർത്തക സഹകരണസംഘം ആവിർഭവിച്ചതു്. അവരും പ്രാഭവം നഷ്ടപ്പെട്ടു് നിലനിൽക്കാൻ പാടുപെടുന്ന ഒരു സംഘമായി തരംതാഴുകയാണുണ്ടായതു്.

2എഴുത്തുകാരുടെ ശാക്തീകരണം

ഗ്രന്ഥരചനയെയും വായനയെയും നിയന്ത്രിക്കുന്ന പരിപോഷിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം എഴുത്തുകാരന്റെ സർഗ്ഗശക്തിയാണു്. അതിന്റെ പ്രാഭവം വായനക്കാരിലെത്തിക്കുന്ന യാനപാത്രങ്ങൾ മാത്രമാണു് പ്രസാധകർ. പക്ഷെ, എഴുത്തുകാർ അസംഘടിതരായതു മൂലം അത്രമേൽ അംഗീകാരം കിട്ടാത്ത പല എഴുത്തുകാരും സ്വത്വബോധം നഷ്ടപ്പെട്ടു് പ്രസാധകർക്കു കാശുകൊടുത്തു് സ്വന്തം കൃതികൾ പ്രകാശിപ്പിക്കുന്ന ഗതികേടിലാണു്. പ്രധാനകാരണം നവപ്രസാധനരീതികളെക്കുറിച്ചു തീരെ അറിവില്ലാത്തതും അറിയാനുള്ള മനോഭാവമില്ലാത്തതും ആണു്. എഴുത്തുകാർ ഒരു ആത്മപരിശോധന നടത്തേണ്ട സമയം എന്നേ കഴിഞ്ഞിരിക്കുന്നു.

⦿ സായാഹ്ന എന്താണു്? ⦿ സായാഹ്നയിൽ ആരാണു്? ⦿ സായാഹ്ന ഫോൺ പിഡിഎഫുകൾ ⦿ സായാഹ്ന ഗ്രന്ഥശേഖരം ⦿ സായാഹ്ന വിക്കി ⦿ ഡിജിറ്റൽ ലൈബ്രറിയിൽ രജിസ്റ്റർ ചെയ്യുക ⦿ സുഹൃത്തുക്കൾക്കു സമ്മാനം രജിസ്റ്റർ ചെയ്യുക ⦿ എഴുത്തുകാരോടു് സച്ചിദാനന്ദൻ ⦿
എന്താണു് അവരെ പരിമിതപ്പെടുത്തുന്നതു്? ഒന്നുമില്ല എന്നതാണു് യാഥാർത്ഥ്യം. പണ്ടൊരു കാലത്തു് എഴുത്തുകാരനെയും വായനക്കാരനെയും ബന്ധിപ്പിക്കാൻ പ്രസാധകൻ എന്നൊരു വിഭാഗത്തിന്റെ ആവശ്യമുണ്ടായിരുന്നു. എന്തെന്നാൽ, പുസ്തകം അച്ചടിക്കണം, അവ യഥാവിധി സംരക്ഷിക്കണം, വായനക്കാരിലേയ്ക്കു തപാൽ മാർഗ്ഗമോ മറ്റു ഏജൻസികൾ മുഖേനയോ എത്തിക്കണം, എന്നു തുടങ്ങി പണച്ചെലവുള്ള കാര്യങ്ങളുണ്ടു്. ഇതിനൊക്കെ വേണ്ടിവരുന്ന ചെലവു വഹിച്ചു് അതിൽ ലാഭമുണ്ടാക്കാൻ പറ്റിയ വില പുസ്തകത്തിനു നിശ്ചയിച്ചു വിപണനം നടത്തുന്ന ഒരു വ്യവസായമായി മാറി പ്രസാധനം. ഗ്രന്ഥരചനയേക്കാൾ പ്രാധാന്യം ഗ്രന്ഥപ്രസാധനം നേടിയെടുത്തു.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും ഇന്റർനെറ്റിന്റെയും പ്രചാരത്തോടുകൂടി വായനക്കാരനെയും എഴുത്തുകാരനെയും ബന്ധിക്കുന്ന ഒരു ഇടനിലക്കാരന്റെ ആവശ്യം ഇല്ലാതായി. ഇക്കാര്യം നമ്മുടെ എഴുത്തുകാർ ഇനിയും വേണ്ട വിധം തിരിച്ചറിഞ്ഞിട്ടില്ല എന്നതാണു സത്യം. സി രാധാകൃഷ്ണൻ, ഇ ഹരികുമാർ തുടങ്ങിയ ചുരുക്കം എഴുത്തുകാരാണു് സ്വയം പ്രസാധനത്തിൽ ഇടപെട്ടു് വിജയിച്ചിട്ടുള്ളൂ. ഇ ഹരികുമാർ ആവട്ടെ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ സ്വയം ടൈപ്സെറ്റ് ചെയ്യുകയും വിവിധ ഡിജിറ്റൽ പതിപ്പുകൾ നിർമ്മിക്കുകയും ചെയ്തുകൊണ്ടു് ഈ കാലഘട്ടത്തിനു യോജിച്ച എഴുത്തുകാരന്റെ മാതൃക കാട്ടിക്കൊടുക്കുകയും ചെയ്തു.

ഇന്നത്തെ എഴുത്തുകാർക്കു് അവരുടെ ഉള്ളടക്കം അവർ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ അവരുടെ വായനക്കാർ ഇഷ്ടപ്പെടുന്ന ഡിജിറ്റൽ രൂപത്തിൽ വിന്യസിക്കുകയും ഇന്റർനെറ്റ് വഴി വായനക്കാരിലെത്തിയ്ക്കുകയും ചെയ്യാൻ വലിയ പ്രയാസമില്ലാത്തതാണു്. ഒരാൾക്കു് തനിയെ ചെയ്യാൻ ബുദ്ധിമുട്ടു തോന്നുകയാണെങ്കിൽ അഞ്ചോ പത്തോ എഴുത്തുകാർക്കു ചെറു ഡിജിറ്റൽ സംഘങ്ങൾ രൂപീകരിച്ചു വിപണി കീഴടക്കാവുന്നതേയുള്ളു. പ്രസാധകന്റെ ചൂഷണത്തിൽ നിന്നും വേഗം രക്ഷനേടാനും കഴിയും.

3ഡിജിറ്റൽ പ്രസാധനത്തിന്റെ സാമ്പത്തികശാസ്ത്രം

മുകളിൽ പറഞ്ഞ ഡിജിറ്റൽ കൂട്ടായ്മയുടെ ആശയമാണു് റിവർ വാലി പ്രസ് (റിവർവാലി) എന്ന സംരംഭത്തിലേയ്ക്കു നയിച്ചതു്. സാങ്കേതിക ഭീമനായ ആപ്പിൾ കമ്പ്യൂട്ടർ കമ്പനി സംഗീതം വിൽക്കുന്ന രീതിയിൽ പുസ്തകങ്ങൾ ചെറു തുകയ്ക്കു വായനക്കാരിലെത്തിക്കാൻ എന്തുകൊണ്ടു് ഡിജിറ്റൽ റെന്റൽ എന്ന ആശയം നടപ്പിലാക്കിക്കൂടാ? അച്ചടി പുസ്തകങ്ങളെപ്പോലെ പകർപ്പുകളുണ്ടാക്കാൻ ഒരു ചെലവും ഡിജിറ്റൽ രൂപങ്ങൾക്കില്ല; അന്തരീക്ഷ ഈർപ്പത്തിൽ നിന്നും, എലി, ചിതൽ തുടങ്ങിയവയിൽ നിന്നും സംരക്ഷിക്കേണ്ടി വരുന്നില്ല; വായനക്കാർക്കു നേരിട്ടു് മിന്നൽ വേഗത്തിൽ അയച്ചുകൊടുക്കുവാൻ വളരെ തുച്ഛമായ ചെലവേയുള്ളു. ആകെ കാര്യമായുള്ള ചെലവു് പുസ്തകത്തിന്റെ പാഠനിവേശനം, തെറ്റുതിരുത്തൽ, കോപ്പി എഡിറ്റിങ്, ചിത്രീകരണം, ഫോർമറ്റിങ്, സംരക്ഷണ രൂപനിർമ്മിതി, ഡിജിറ്റൽ പതിപ്പു നിർമ്മിതി, അതിനുവേണ്ട സോഫ്റ്റ്വേർ സൌകര്യങ്ങൾ, നൈപുണ്യം എന്നിവയിൽ ഒതുങ്ങുന്നു. അതു് ഒരിക്കൽ മാത്രം ഉള്ള ചെലവാണു്. (ബാങ്ക് ചാർജ്, നികുതി എന്നീ രണ്ടിനങ്ങൾ കൂടി വാർഷികാടിസ്ഥാനത്തിൽ കണക്കിലെടുക്കേണ്ടിവരും.)

⦿ സായാഹ്ന എന്താണു്? ⦿ സായാഹ്നയിൽ ആരാണു്? ⦿ സായാഹ്ന ഫോൺ പിഡിഎഫുകൾ ⦿ സായാഹ്ന ഗ്രന്ഥശേഖരം ⦿ സായാഹ്ന വിക്കി ⦿ ഡിജിറ്റൽ ലൈബ്രറിയിൽ രജിസ്റ്റർ ചെയ്യുക ⦿ സുഹൃത്തുക്കൾക്കു സമ്മാനം രജിസ്റ്റർ ചെയ്യുക ⦿ എഴുത്തുകാരോടു് സച്ചിദാനന്ദൻ ⦿
എഴുത്തുകാർ ഈ പദ്ധതിയ്ക്കു് അനുകൂലമായി ചിന്തിക്കുകയും ഉള്ളടക്കം ലഭ്യമാക്കാൻ തയ്യാറാവുകയും ചെയ്താൽ എത്രയും വേഗം ഡിജിറ്റൽ പതിപ്പുകൾ നിർമ്മിക്കുകയും വരിക്കാർക്കു് എത്തിക്കുകയും ചെയ്യാം. സോഫ്റ്റ്വേർ-നിയന്ത്രിതമായി നടക്കുന്ന ഈ വിപണനത്തിൽ സാധാരണ പ്രസാധകർ ചെയ്യാത്ത ഒരു കാര്യം കൂടി റിവർവാലി ചെയ്യാൻ ഉദ്ദേശിക്കുന്നു. ഈ വിപണന സോഫ്റ്റ്വേറിൽ എഴുത്തുകാർക്കു കൂടി അവരുടെ പുസ്തകങ്ങളുടെ വിപണനം നേരിട്ടു കാണാൻ സഹായിക്കുന്ന യൂസർ അക്കൗണ്ടുകൾ നൽകുക എന്നതത്രെ ഈ പുതിയ പരിപാടി. അതുമൂലം പുസ്തകങ്ങളുടെ ഉപഭോഗത്തെക്കുറിച്ചു് സുതാര്യമായ അറിവു എഴുത്തുകാർക്കു പരസഹായം കൂടാതെ എപ്പോഴും കിട്ടുന്നു. മൂന്നു് മാസം കൂടുമ്പോൾ എഴുത്തുകാരുടെ വരുമാനം കണക്കുകൂട്ടി നികുതി കഴിച്ചു് അവരുടെ ബാങ്കു് അക്കൗണ്ടുകളിലേയ്ക്കു് മാറ്റം ചെയ്യുക എന്നതാണു് അടുത്ത പരിപാടി. ഇതോടുകൂടി ഇന്നു് പ്രസിദ്ധീകരണവ്യവസായത്തിൽ രൂഢമൂലമായി നിലനിൽക്കുന്ന രഹസ്യസ്വഭാവം ഇല്ലാതാക്കി അങ്ങേയറ്റം സുതാര്യമായ പ്രസാധനരീതി പിന്തുടരുക എന്ന പ്രധാന ഉദ്ദേശ്യം നടന്നുകിട്ടുന്നു.

ഈ ഡിജിറ്റൽ റെന്റൽ പദ്ധതിയിൽ മൂന്നു് വിഭാഗം മനുഷ്യരാണു് ഒന്നിച്ചു കൂടുന്നതു്: (1) എഴുത്തുകാർ, (2) സാങ്കേതിക പ്രവർത്തകർ, (3) സംഘാടകർ. പുസ്തകനിർമ്മിതിയ്ക്കു വേണ്ടിവരുന്ന ചെലവു കഴിച്ചു് വരുമാനത്തിന്റെ ബാക്കി വരുന്ന തുക എഴുത്തുകാർക്കു് 50%, സാങ്കേതികപ്രവർത്തകർക്കു് 20%, സംഘാടകർക്കു് 30% എന്നീ നിരക്കിൽ വിഭജിക്കുകയും നികുതി കഴിച്ചുള്ള തുക ഓരോ മൂന്നു് മാസം കൂടുമ്പോൾ അതാതു അക്കൗണ്ടുകളിലേയ്ക്കു മാറ്റം ചെയ്യുകയും ചെയ്യുന്നു. ഇതാണു് വളരെ ലളിതമായി പറഞ്ഞാൽ റിവർവാലി-യുടെ പ്രവർത്തന രീതി.

4പകർപ്പവകാശവും ഡിജിറ്റൽ പ്രസാധനവും

പ്രസാധന രംഗത്തു് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന പദമാണു് “പകർപ്പവകാശം”. അച്ചടി പതിപ്പിറക്കാനുള്ള കരാറിൽ ഒപ്പു വെയ്ക്കുന്നതോടുകൂടി പല എഴുത്തുകാരും കരുതുന്നതു് എല്ലാ അവകാശങ്ങളും പ്രസാധകനു് നല്കിക്കഴിഞ്ഞു എന്നാണു്. ഈയിടെ ഒരു പ്രമുഖ കവി ബിരുദവിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകത്തിൽ സ്വന്തം കവിത ഉൾക്കൊള്ളിക്കുന്നതിനു് ആദ്യം നൽകിയ സമ്മതം പ്രസാധകന്റെ ഭീഷണിയെത്തുടർന്നു് പിൻവലിച്ച സംഭവം പോലും ഉണ്ടായിരിക്കുന്നു. ഏറ്റവും കൂടുതൽ ബോധവൽക്കൃതസമൂഹമാണു് എഴുത്തുകാരുടേതു് എന്നതു് എത്ര കണ്ടു് ശരിയാണു് എന്ന സംശയം ജനിപ്പിക്കുന്നതാണു് പകർപ്പവകാശത്തെക്കുറിച്ചു് എഴുത്തുകാരുമായി സംസാരിച്ചാൽ നമുക്കുണ്ടാവുക.

എഴുത്തുകാർ ഒരു ഗ്രന്ഥരചന നടത്തിക്കഴിഞ്ഞാൽ സ്വാഭാവികമായിത്തന്നെ പകർപ്പവകാശം ഗ്രന്ഥകർത്താവിൽ നിക്ഷിപ്തമായിക്കഴിഞ്ഞു. അതു് ഒരു ഗ്രന്ഥകർത്താവിന്റെ ജന്മാവകാശമാണു്, ഗ്രന്ഥകർത്താവിന്റെ ജീവിതകാലം മുഴുവനും മരണാനന്തരം അറുപതു കൊല്ലക്കാലം പിന്തുടർച്ചക്കാരിലും ഈ അവകാശം നിലനിൽക്കുന്നു. ആ ഗ്രന്ഥം അച്ചടിച്ചു് വില്ക്കാൻ സമ്മതം നൽകിക്കൊണ്ടുള്ള കരാറിലേർപ്പെട്ടു എന്ന കാരണം കൊണ്ടു് അതൊരിക്കലും പ്രസാധകന്റേതാവുന്നില്ല. അങ്ങനെ വേണമെങ്കിൽ ഗ്രന്ഥകർത്താവു് സ്വന്തം ആസ്തി മറ്റൊരാൾക്കു് എഴുതിക്കൊടുക്കുന്നതുപോലെ പ്രസാധകനു് കൈമാറ്റം ചെയ്തുകൊണ്ടുള്ള പത്രത്തിൽ ഒപ്പിടണം. എന്നാൽ മാത്രമേ ഗ്രന്ഥത്തിന്റെ പകർപ്പവകാശം പ്രസാധകനു് കൈമാറ്റം ചെയ്യപ്പെടുന്നുള്ളൂ. പ്രസിദ്ധീകരണക്കരാറിൽ അതു് സംഭവിക്കുന്നില്ല, അതു് ഒരു നിശ്ചിത കാലയളവിലേയ്ക്കു് സ്വന്തം കൃതി അച്ചടിച്ചു് വില്ക്കാനുള്ള സമ്മതം മാത്രമാണു്.

⦿ സായാഹ്ന എന്താണു്? ⦿ സായാഹ്നയിൽ ആരാണു്? ⦿ സായാഹ്ന ഫോൺ പിഡിഎഫുകൾ ⦿ സായാഹ്ന ഗ്രന്ഥശേഖരം ⦿ സായാഹ്ന വിക്കി ⦿ ഡിജിറ്റൽ ലൈബ്രറിയിൽ രജിസ്റ്റർ ചെയ്യുക ⦿ സുഹൃത്തുക്കൾക്കു സമ്മാനം രജിസ്റ്റർ ചെയ്യുക ⦿ എഴുത്തുകാരോടു് സച്ചിദാനന്ദൻ ⦿

ഇക്കാര്യം പ്രസാധകനു് അറിവില്ലാത്തതല്ല. എങ്കിലും മൂന്നു കൊല്ലത്തേയ്ക്കു അച്ചടിയ്ക്കും വില്പനയ്ക്കും മാത്രമേ കരാറിലേർപ്പെട്ടിട്ടുള്ളുവെങ്കിൽപ്പോലും ഇനിയങ്ങോട്ടു് പുസ്തകത്തെ സംബന്ധിച്ച ഏതു കാര്യത്തിലും അവസാനവാക്കു് പ്രസാധകനാണെന്നു് എഴുത്തുകാരിൽ മിഥ്യാ ബോധമുണ്ടാക്കുകയാണു് പ്രസാധകലോകം ഇപ്പോൾ ചെയ്യുന്നതു്. അതുമൂലം ഡിജിറ്റൽ പതിപ്പുകൾ അന്യഥാ പ്രസിദ്ധീകരിക്കുവാൻ ഗ്രന്ഥകർത്താവിനു് എല്ലാ അവകാശങ്ങളും ഉണ്ടെങ്കിലും പലരും ഇക്കാര്യത്തിനു മുതിരുന്നില്ലെന്നു മാത്രമല്ല, അങ്ങനെയൊരു പ്രവൃത്തി അവരെ ഭയപ്പെടുത്തുന്നു എന്ന മട്ടിലാണു് പല ഗ്രന്ഥകർത്താക്കളും സംഭാഷണങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളതു്. പ്രസാധകരല്ല എഴുത്തുകാരെ സൃഷ്ടിക്കുന്നതു്, മറിച്ചു് എഴുത്തുകാരാണു് പ്രസാധകരെ സൃഷ്ടിക്കുന്നതു് എന്ന അടിസ്ഥാനസത്യം പോലും നമ്മുടെ എഴുത്തുകാർ മറന്നുപോവുകയാണു്. അച്ചടി-വിൽപ്പന-വിതരണ കരാറുകൾ ഒരു രാജ്യത്തിൽ മാത്രമായി പരിമിതപ്പെടുത്തുവാൻ കഴിയുമെന്നും വിവിധ രാജ്യങ്ങളിൽ വിവിധ പ്രസാധകരുമായി കരാറിലേർപ്പെടാൻ കഴിയുമെന്നും എത്ര എഴുത്തുകാർക്കറിയാം എന്നതും നമ്മൾ ചിന്തിക്കേണ്ടതാണു്.

കാര്യങ്ങൾ ഇങ്ങനെയിരിക്കെ, ഈയിടെയായി കണ്ടുവരുന്ന ഒരു കാര്യം അച്ചടി/വിൽപ്പന/വിതരണ കരാറിനോടൊപ്പം എല്ലാവിധ ഡിജിറ്റൽ പതിപ്പുകൾ നിർമ്മിക്കാനും വിതരണം ചെയ്യാനുമുള്ള സമ്മതം കൂടി ഗ്രന്ഥകർത്താക്കളിൽ നിന്നും പ്രസാധകർ വാങ്ങുന്നുണ്ടു്. പലപ്പോഴും വായിച്ചുനോക്കാതെ ഒപ്പിടുന്ന ശീലമുള്ള എഴുത്തുകാരാണു് ഇത്തരം കെണികളിൽ വീണുപോകുന്നതു്. ഈയിടെ വായിക്കാനിടയായ ഒരു കരാറിൽ വിചിത്രമായ ഒരു വ്യവസ്ഥ കണ്ടു. ഗ്രന്ഥകർത്താവു് ഒരു പുസ്തകത്തിന്റെ അച്ചടി-വിതരണ-വില്പന കരാറിലേർപ്പെട്ടു കഴിഞ്ഞാൽ, ആ പതിപ്പിന്റെ പരിപൂർണ്ണമായി പരിഷ്ക്കരിച്ച ഒരു പതിപ്പു് ഗ്രന്ഥകർത്താവു് സൃഷ്ടിച്ചാൽ അതിന്റെ വിതരണാവകാശം സ്വാഭാവികമായി പ്രസാധകനാണു് എന്ന വ്യവസ്ഥയാണതു്. കൂടാതെ, പരിഷ്ക്കരിച്ച പതിപ്പിലെ ഉള്ളടക്കം വില്പനയ്ക്കു അനുകൂലമല്ല എന്നു് പ്രസാധകനു് തോന്നുകയാണെങ്കിൽ ആ പതിപ്പു് നിരാകരിക്കുവാനുള്ള സ്വാതന്ത്ര്യം പ്രസാധകനിൽ നിക്ഷിപ്തമാണു്. ഇതിനെക്കാൾ ഭീകരമായ മറ്റൊരു വ്യവസ്ഥ, ഒരു പുസ്തകത്തിന്റെ പരിഷ്ക്കരിച്ച പതിപ്പിറക്കാൻ പ്രസാധകനു് തോന്നുകയും അതിനു ഗ്രന്ഥകർത്താവു വഴിപ്പെടുകയും ചെയ്തില്ലെങ്കിൽ, പ്രസാധകനു് മറ്റൊരാളെക്കൊണ്ടു് പരിഷ്ക്കരിച്ചു് പ്രസിദ്ധീകരിക്കുവാനുള്ള അവകാശം ഉണ്ടു് എന്നതത്രെ! സ്വന്തം കൃതിയിലെ ഉള്ളടക്കത്തിൽപ്പോലും ഗ്രന്ഥകർത്താവിനു് കർത്തൃത്വവും നിയന്ത്രണവും ഇല്ലാത്ത അവസ്ഥ ഉണ്ടായിരിക്കുന്നു. ഇതൊക്കെ ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുള്ള അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും ലംഘനമല്ലേ എന്ന സംശയമുണ്ടു്. ഇതു വായിക്കുന്ന പല എഴുത്തുകാരും ഈ പറഞ്ഞ വ്യവസ്ഥകളടങ്ങുന്ന കരാറുകൾ ഒപ്പിട്ടുണ്ടാവും എന്നറിയുക. അപ്പോഴാണു് അഭ്യസ്തവിദ്യരായ ഗ്രന്ഥകർത്തൃസമൂഹം എന്തുമാത്രം ബലഹീനരാണെന്നും അവരെ ശാക്തീകരിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്നും അതൊരു മുൻഗണനയർഹിക്കുന്ന പ്രവർത്തനപരിപാടിയായി സമൂഹം സ്വീകരിക്കേണ്ടതുണ്ടെന്നും നാം തിരിച്ചറിയുന്നതു്.

5ശിലായുഗകാല സോഫ്റ്റ്വേറും ആധുനിക പ്രസാധനവും

ഡിജിറ്റൽ കാലത്തിൽ, സ്വന്തം രചനകളുടെ വിവിധ രൂപങ്ങൾ പ്രസാധകർ എങ്ങനെ നിർമ്മിക്കുന്നു എന്നു് ഗ്രന്ഥകർത്താക്കൾ അറിഞ്ഞിരിക്കേണ്ട ആവശ്യമുണ്ടു്. കാലഘട്ടത്തിനു അനുയോജ്യമായ സോഫ്റ്റ്വേർ ആണോ പാഠവിന്യാസത്തിനും വിവിധ ഡിജിറ്റൽ പതിപ്പുകളുടെ നിർമ്മിതിക്കും ഉപയോഗിക്കുന്നതു് എന്നതു് പ്രധാനപ്പെട്ട കാര്യമാണു്. ഉദാഹരണമായി യൂണിക്കോഡ് ലിപിയുടെ ഉപയോഗം പ്രമാണങ്ങളുടെ ആയുർദൈർഘ്യം കൂട്ടുന്നു; യാന്ത്രികമായ തെരച്ചിലിനും മറ്റൊരു പ്രമാണത്തിലേയ്ക്കു പകർത്തുവാനും നീണ്ടകാല ഉപയോഗത്തിനുവേണ്ട സംരക്ഷണരൂപങ്ങളിലേയ്ക്കു യാന്ത്രികപരിവർത്തനം ചെയ്യാനും സഹായിക്കുന്നു. അതിനു പകരം കാലഹരണപ്പെട്ട ആസ്കി (ascii) ലിപിസഞ്ചയങ്ങളും അതു് പാഠവിന്യാസത്തിനു് ഉപയോഗിക്കുന്ന പേജ്മേക്കർ പോലുള്ള സോഫ്റ്റ്വേറും ഗ്രന്ഥനിർമ്മിതിക്കു് ഒരിക്കലും പാടില്ലാത്തതാണു്. ഇന്നത്തെ കമ്പ്യൂട്ടറുകളും അതിലെ പ്രവർത്തകങ്ങളും എല്ലാം തന്നെ യൂണിക്കോഡ് വ്യവസ്ഥയിൽ അധിഷ്ഠിതമാണു്. ഏച്ചുകെട്ടിയതുപോലുള്ള ഒരു സൂത്രവിദ്യയിലാണു് പേജ്മേക്കർ പോലുള്ള സോഫ്റ്റ്വേറുകൾ പ്രവർത്തിക്കുന്നതു്, അതിന്റെ എല്ലാ ദുരിതങ്ങളും ആ ഉൽപ്പാദനരീതി എപ്പോഴും അനുഭവിക്കുകയും പരോക്ഷമായി ഗ്രന്ഥകർത്താവിനെ ബാധിക്കുകയും ചെയ്യുന്നു. ആധുനിക പ്രസാധനം ആവശ്യപ്പെടുന്ന ഡിജിറ്റൽ രൂപങ്ങൾ നിർമ്മിക്കുവാൻ ഇത്തരം സോഫ്റ്റ്വേറുകൾ അനുയോജ്യമല്ല. അനാവശ്യമായി ഉല്പാദനചെലവു് കൂട്ടാനും തദ്വാരാ ഗ്രന്ഥകർത്താവിന്റെ വരുമാനം കുറക്കാനും മാത്രമേ സഹായിക്കുകയുള്ളു.

6സംരക്ഷണരൂപങ്ങൾ

പാഠത്തിന്റെ ഡിജിറ്റൽ സൃഷ്ടി കഴിഞ്ഞാൽ, അതിന്റെ വിന്യാസത്തോടൊപ്പം ഡിജിറ്റൽ സംരക്ഷണവും നടത്തുക എന്നതു് മൗലികമായ ആവശ്യമാണു്. അല്ലെങ്കിൽ ഈ പാഠം കാലാന്തരത്തിൽ അച്ചടിപ്പതിപ്പിന്റെ തിരോധാനത്തെ തുടർന്നു് എന്നേയ്ക്കുമായി നഷ്ടപ്പെടും. എന്നാൽ സംരക്ഷണത്തിന്റെ ആവശ്യം ഇനിയും ബോദ്ധ്യമാവാത്ത ഒരു സമൂഹവും ഭരണസംവിധാനവുമാണു് നമുക്കുള്ളതു്. അവിടെ പാഠസംരക്ഷണത്തിനു് ഗുണകരമായി കാര്യങ്ങൾ നടത്തിക്കിട്ടുവാനുള്ള ശ്രമങ്ങൾ മറ്റു പരിഗണനകളുടെ മുന്നിൽ അവഗണിക്കപ്പെടുന്നു. അപ്പോൾ അതു് നടപ്പിലാക്കാമെന്നതിനു് ഉത്തമ മാതൃകകൾ നിർമ്മിച്ചു കാണിക്കുകയും ഗ്രന്ഥകർത്താക്കൾക്കു് അതിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക എന്നതു് റിവർവാലി-യുടെ ലക്ഷ്യങ്ങളിലൊന്നാണു്.

⦿ സായാഹ്ന എന്താണു്? ⦿ സായാഹ്നയിൽ ആരാണു്? ⦿ സായാഹ്ന ഫോൺ പിഡിഎഫുകൾ ⦿ സായാഹ്ന ഗ്രന്ഥശേഖരം ⦿ സായാഹ്ന വിക്കി ⦿ ഡിജിറ്റൽ ലൈബ്രറിയിൽ രജിസ്റ്റർ ചെയ്യുക ⦿ സുഹൃത്തുക്കൾക്കു സമ്മാനം രജിസ്റ്റർ ചെയ്യുക ⦿ എഴുത്തുകാരോടു് സച്ചിദാനന്ദൻ ⦿
ഡിജിറ്റൽ പാഠസംരക്ഷണത്തിന്റെ ആവിർഭാവവും വ്യാപനവും നടന്നതു് പാശ്ചാത്യലോകത്താണു്. പാഠത്തിന്റെ ഉള്ളടക്കവും വിന്യാസവും രണ്ടായി കാണുവാൻ കഴിഞ്ഞതും പാശ്ചാത്യർക്കു തന്നെ. പാഠത്തിന്റെ ഈ രണ്ടു ഗുണവിശേഷങ്ങളെയും വേർതിരിച്ചറിയാൻ കഴിഞ്ഞാൽ മാത്രമേ പാഠസംരക്ഷണം എങ്ങനെ സാധിക്കാം എന്നതിന്റെ രീതിശാസ്ത്രം ഉരുത്തിരിയുകയുള്ളു. ഉള്ളടക്കമാണു് സംരക്ഷിക്കേണ്ടതു്; വിന്യാസമാവട്ടെ, കാലികവും, രുചിഭേദങ്ങളിലെ മാറ്റത്തിനു് അനുസൃതമായി/വിധേയമായി നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണു്. അതുകൂടാതെ, വിന്യാസം നിലവിലെ സാങ്കേതികതയുമായും ഉപകരണങ്ങളുമായും പിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞു കിടക്കുന്നതുമാണു്. ഉള്ളടക്കമാവട്ടെ കാലത്തിന്റെ ഒഴുക്കിൽപ്പെട്ടു മാറുന്ന ഒന്നല്ല, അതു് നിത്യവും നിതാന്തവുമത്രെ. അതുകൊണ്ടു് തനിമയുള്ള അക്ഷരങ്ങളോടൊപ്പം അതു് എന്നേയ്ക്കുമായി സൂക്ഷിക്കപ്പെടേണ്ടതാണു്. അങ്ങനെയൊരു സംരക്ഷണത്തിന്റെ രീതിശാസ്ത്രമാണു് റിവർവാലി പിന്തുടരുന്നതു്. (കൂടുതൽ വിവരങ്ങൾക്കു് ഈ കണ്ണി സന്ദർശിക്കുക.)

7അച്ചടിപ്പതിപ്പും മറ്റു പ്രസാധകരും

റിവർ വാലി റെന്റലിൽ ഡിജിറ്റൽ പ്രസാധനം മാത്രമേ ഉൾപ്പെടുന്നുള്ളു. അച്ചടി രൂപത്തിൽ ഈ പുസ്തകങ്ങൾ ഏതു പ്രസാധകരുമായി ചേർന്നു പ്രസിദ്ധീകരിക്കാനുള്ള അവകാശം, സിനിമ, സീരിയൽ, തുടങ്ങിയ മാദ്ധ്യമങ്ങളിൽ ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം എന്നിവ ഗ്രന്ഥകർത്താവിൽ തന്നെ എപ്പോഴും നിലനില്ക്കുന്നു.

മൂന്നു വർഷത്തെ റെന്റലിനു ശേഷം ഈ കൃതികളുടെ ഡിജിറ്റൽ പതിപ്പുകൾ സ്വതന്ത്രപ്രകാശനവ്യവസ്ഥകൾക്കു് അനുസൃതമായി പ്രസാധനം ചെയ്യാൻ എഴുത്തുകാർ തയ്യാറാവുകയാണെങ്കിൽ അതു് ഈ പദ്ധതി ഭാവിതലമുറക്കായി കൊടുക്കുന്ന ഏറ്റവും അമൂല്യമായ ഒരു സംഭാവനയായിരിക്കും എന്നു് റിവർ വാലി കരുതുന്നു. അതൊരിക്കലും തുടർന്നും ചെയ്യാവുന്ന അച്ചടിപ്പതിപ്പിന്റെ വില്പനയിലൂടെയുള്ള വരുമാനത്തെ ഇല്ലാതാക്കുന്നില്ല, മറിച്ചു് അതിനെ പരിപോഷിപ്പിക്കുന്നതായിട്ടാണു് അനുഭവം. എന്തായാലും അക്കാര്യം എഴുത്തുകാരുടെ പരിപൂർണ്ണ സ്വാതന്ത്ര്യത്തിനു വിടുകയാണു്.

8വായനക്കാരുടെ ലോകം

ഈ ഡിജിറ്റൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൽ എഴുത്തുകാർക്കെന്നപോലെ വായനക്കാർക്കും തുല്യപങ്കാളിത്തമുണ്ടു്. ഇതിന്റെ വിജയാപജയങ്ങൾ നിർണ്ണയിക്കുന്നതും അവരാണു്. ഇവിടെ എഴുത്തുകാരും വായനക്കാരും പരസ്പരപൂരകങ്ങളാണു്. വലിയ സാമ്പത്തിക ഭാരമില്ലാതെ വായനക്കാർക്കു് ഏറ്റവും നിലവാരപ്പെട്ട ഉള്ളടക്കം വിവിധ ഉപകരണങ്ങളിൽ വായിക്കാൻ പാകത്തിനു കാലഘട്ടത്തിന്റെ സാങ്കേതികമികവോടെ എത്തിച്ചു കൊടുക്കുന്ന കൃത്യം മാത്രേമേ റിവർ വാലി നിർവ്വഹിക്കുന്നുള്ളു. സംഗീതം, സിനിമ, തുടങ്ങിയ ഡിജിറ്റൽ സേവനത്തിനു് ഇന്നു ഉപേഭാക്താക്കൾ പ്രതിമാസം നൽകുന്ന തുകയ്ക്കു് സമാനമായി കുറഞ്ഞ വിലയ്ക്കു് നാല്പതു പുസ്തകങ്ങൾ ഒരു കൊല്ലത്തേയ്ക്കു വായനക്കാർക്കു ലഭ്യമാവുന്നു എന്നതാണു് ഈ പദ്ധതിയുടെ സവിശേഷത.

⦿ സായാഹ്ന എന്താണു്? ⦿ സായാഹ്നയിൽ ആരാണു്? ⦿ സായാഹ്ന ഫോൺ പിഡിഎഫുകൾ ⦿ സായാഹ്ന ഗ്രന്ഥശേഖരം ⦿ സായാഹ്ന വിക്കി ⦿ ഡിജിറ്റൽ ലൈബ്രറിയിൽ രജിസ്റ്റർ ചെയ്യുക ⦿ സുഹൃത്തുക്കൾക്കു സമ്മാനം രജിസ്റ്റർ ചെയ്യുക ⦿ എഴുത്തുകാരോടു് സച്ചിദാനന്ദൻ ⦿
വായനക്കാർ മുടക്കുന്ന തുകയുടെ (നിർമ്മാണ-പ്രവർത്തനചെലവു് കഴിച്ചു്) അമ്പതു ശതമാനം എഴുത്തുകാർക്കുള്ളതാണു്. അവർക്കു് നേരിട്ടു് വില്പന വിവരങ്ങളറിയാനുള്ള സൗകര്യത്തോടുകൂടിയ സോഫ്റ്റ്വേറിന്റെ സഹായത്തോടെ ഈ പണം അവർക്കു ലഭിക്കുന്നു എന്നത് മറ്റൊരു സവിശേഷത. ഈ പദ്ധതിയുടെ സുതാര്യതയും സത്യസന്ധതയും പ്രൊഫഷണലിസവും വായനക്കാരുടെ സഹകരണവും ഒത്തുചേരുമ്പോൾ ഭാഷാപ്രസാധനരംഗം പുതിയ ചരിത്രം സൃഷ്ടിക്കുകയാണു്. ഇതിന്റെ സുരക്ഷയുടെയും വ്യാപനത്തിന്റെയും ഉത്തരവാദിത്വം ഓരോ വായനക്കാരനുമുണ്ടു്. കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും സുഹൃത്തുക്കൾക്കും സാമ്പത്തികഭാരം ഒട്ടുമില്ലാതെ മികച്ച വായനാലോകം സമ്മാനിക്കാൻ വായനക്കാരനു് അവസരം കിട്ടുന്നു. എന്തായാലും ഒരു ശരാശരി ഉപഭോക്താവിന്റെ പങ്കിലുപരി ഭാഷയെയും ഭാഷാസാങ്കേതികതയെയും നവീകരിക്കുന്ന, എഴുത്തുകാരെ ശക്തിപ്പെടുത്തുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയരുവാൻ റിവർ വാലി ഓരോ വായനക്കാരനും സാദ്ധ്യതയൊരുക്കുന്നു. ഇതിൽ സ്വയം പങ്കുചേരുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്യുക.